എഴുത്തിനു വിലയോ?



നവമാധ്യമത്തിന്റെ വരവോടെ എഴുത്തിലേക്കു കടന്നവർ അനവധിയാണ്. പ്രൊഫഷണൽ എഴുത്തുകാരുടെ മണ്ഡലത്തിലേക്കാണ് ഈ പുതിയ എഴുത്തുകാരുടെ വേലിയേറ്റമുണ്ടായത്. എഴുതിക്കൂട്ടുന്ന രചനകളുടെ ബാഹുല്യം, വായനയെ സീരിയസ് ആയി കാണുന്നവർക്കു തലവേദന  സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കുമിഞ്ഞു കൂടുന്ന  കഥയും കവിതയും എണ്ണമറ്റതാണ്. ഓരോ ദിവസവും മലയാളത്തിൽ ആയിരത്തിനു പുറത്തു കഥകളും കവിതകളും ഓൺലൈൻ മീഡിയയിലൂടെ പുറത്തുവരുന്നു. വളഞ്ഞുകെട്ടിയ സാഹിത്യ ഗ്രൂപ്പുകൾ അവരുടെ നിയമങ്ങളുമായി ഈ പുതുമുഖ എഴുത്തുകാരെ ഒരു സാങ്കല്പിക സുഖവാസ കേന്ദ്രത്തിലൂടെ നയിച്ചു മുന്നേറുന്നു. എങ്കിലും എടുത്തുപറയേണ്ടകാര്യം, നിരന്തരമുള്ള എഴുത്തിലൂടെ പലരുടെയും എഴുത്തിന്റെ നിലവാരം വർദ്ധിക്കുന്നു എന്നതാണ്. ചിലപ്പോളെങ്കിലും അറിയപ്പെടുന്ന എഴുത്തുകാരുടെ രചനയെ മറികടക്കുന്ന വിശിഷ്ടമായ (outstanding) രചനകൾ ഈ അമച്വർ എഴുത്തുകാർ കുറിച്ചിടുന്നു. അതിനു പലപ്പോഴും അർഹമായ എത്തപ്പെടലോ (reach), അംഗീകാരമോ, പ്രതിഫലമോ കിട്ടാറില്ല. എങ്കിലും ഇത് ആശയ്‌ക്കു വക നൽകുന്നു. 

പ്രൊഫഷണൽ എഴുത്തുകാർക്കു ലഭിക്കുന്ന പ്രതിഫലം പലപ്പോഴും പുറത്തുപറയാൻ കൊള്ളില്ല. (പൈങ്കിളി സാഹിത്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് ഓർമ്മിപ്പിക്കട്ടെ. അവർ സാമാന്യം ഭേദപ്പെട്ട രീതിയിൽ ജീവിച്ചുപോകുന്നു.) സാഹിത്യലോകത്തെ പ്രമുഖ വാരികകൾ/മാസികകൾ പോലും അവരുടെ എല്ലാ എഴുത്തുകാർക്കും പ്രതിഫലം നൽകാറില്ല എന്നതാണ് പരമാർദ്ധം. അങ്ങനെവരുമ്പോൾ ഡിജിറ്റൽ എഴുത്തുകാരുടെ സ്ഥിതിയോ? അവിടെ അങ്ങിനെ ഒരു ഏർപ്പാടില്ല എന്നു പറയാൻ വരട്ടെ! സോഷ്യൽമീഡിയ സാഹിത്യകാരിൽ പലർക്കും എഴുത്തൊരു ജീവനോപാധിയല്ല. അതുകൊണ്ടുതന്നെ സാമ്പത്തികമായ പ്രതിഫലം അവർ പ്രതീക്ഷിക്കുന്നതുമില്ല. പ്രതിഫലമായി ലഭിക്കുന്നത് പ്രശസ്തിയാണ്. സോഷ്യൽ മീഡിയയിലെ പ്രശസ്തി, പിയർ ഗ്രൂപ്പുകളിലും, സുഹൃദ് ബന്ധങ്ങളിലും ലഭിക്കുന്ന ചെറിയ അംഗീകാരം.  



ഇത്തരത്തിലുള്ള FREE സമ്പ്രദായത്തിനു അപവാദമായിട്ടാണ് 'മൊഴി' എന്ന മലയാളം ലിറ്റററി പോർട്ടൽ (Mozhi Malayalam Literary Portal) രംഗത്തെത്തിയത്. 2016   മുതൽ mozhi.org  ഡിജിറ്റൽ ലോകത്തുണ്ടായിരുന്നു എങ്കിലും, 2019 മുതലാണ് എഴുത്തിനു പ്രതിഫലം നൽകുക എന്ന നയം അവർ നടപ്പിലാക്കിത്തുടങ്ങിയത്. പ്രസിദ്ധീകരിക്കുന്ന എല്ലാ കൃതിക്കും കുറഞ്ഞ അടിസ്ഥാന പ്രതിഫലം (minimum remuneration)  ഉറപ്പായും നൽകുക, മികച്ച രചനകൾക്ക് മാന്യമായ പ്രതിഫലം നൽകുക എന്നതൊക്കെയാണ് മൊഴിയുടെ നിലവിലുള്ള നയം. ഇതൊരിക്കലും എഴുത്തുകാരുടെ മുറവിളിക്കു മറുപടിയായി മൊഴി തുടങ്ങിയതല്ല എന്നത് ശ്രദ്ധേയമാണ്. 

ഇതിനായി അവർ വച്ചിരിക്കുന്ന ഉപാധികൾ അഥവാ വ്യവസ്ഥകൾ ഇനിയുള്ളതാണ്. എഴുത്തുകാർ തന്നെ  മൊഴി പോർട്ടലിൽ രചനകൾ സമർപ്പിക്കേണ്ടതാണ്. ഫേസ്ബുക് അക്കൗണ്ടോ, ജിമെയിൽ അക്കൗണ്ടോ ഉപയോഗിച്ച് മൊഴി പോർട്ടലിൽ അനായേസേന രജിസ്റ്റർ ചെയ്യാവുന്നതാണ്. അങ്ങനെ രജിസ്റ്റർ ചെയ്യന്ന ആർക്കും, വളരെ എളുപ്പത്തിൽ തങ്ങളുടെ രചനകൾ സമർപ്പിക്കാവുന്നതാണ്. മൊഴിയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രചനകളും, അച്ചടി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പ്രസിദ്ധം ചെയ്യുവാനുള്ള അവകാശം മൊഴിക്കായിരിക്കും. പുതിയ രചനകൾ മാത്രമേ മൊഴി സ്വീകരിക്കുകയുള്ളൂ. പോർട്ടലിൽ പ്രസിദ്ധം ചെയ്യുന്ന രചനകൾ  https://www.facebook.com/mozhiorg എന്ന ഫേസ്ബുക് പേജിൽ പുനഃപ്രസിദ്ധം ചെയ്യുന്നതാണ്. അവിടെനിന്നും എഴുത്തുകാർക്ക് തങ്ങളുടെ രചനകൾ മറ്റിടങ്ങളിലേക്ക് ഷെയർ ചെയ്യാവുന്നതാണ്. 

മലയാള സാഹിത്യലോകത്തു 'മൊഴി' വളരെ വ്യത്യസ്തമായ ഒരു മണ്ഡലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.   മൊഴിയുടെ ഈ സംരംഭം വലിയ മാറ്റങ്ങളുടെ തുടക്കമാണ്. മലയാള സാഹിത്യ രചനയിൽ ദൂരവ്യാപകമായ  മാറ്റങ്ങൾ അതുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഡിജിറ്റൽ രചനയുടെ ഗുണനിലവാരം ഇതുമൂലം ഉയരും എന്നതും, നിലവാരമുള്ള  രചനകൾ ഇഷ്ടപ്പെടുന്ന വായനക്കാരുടെ താല്പര്യവും, സമയവും സംരക്ഷിക്കപ്പെടും എന്നതുമാണ് മൊഴിയുടെ സംരംഭകർ അന്തിമമായി ലക്ഷ്യമിടുന്നത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗൗളി ശാസ്ത്രം

മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ

യൂറോ പ്പിന്റെ സാമ്രാജ്യ മോഹങ്ങൾ